3/21/2015

            ഐ. എം.എ  യ്ക്ക്  ഒരു മറുപടി 
        ഐ.എം.അ പറയുന്നത്‌ കേട്ടാൽ ആയുർവ്വേദ വിദ്യാർത്ഥികൾ കോളേജുകളിൽ ലാട വൈദ്യം ആണ്‌ പഠിക്കുന്നത്‌ എന്ന് തോന്നും. പ്രിയ കേരള ഐ.എം.എ മെംബെർമ്മാരെ, (അഥവാ ചൊറിച്ചിൽ ഉള്ള ചില മലയാളി അലോപ്പതി ഡോക്ടർമ്മാരെ),  ആയുർവ്വേദ വിദ്യാർത്ഥികൾ അനാട്ടമിയും (ശവശരീരം കീറിമുറിച്ചു തന്നെ); ഫിസിയോളജിയും, പാതോളജിയും തുടങ്ങി ഓരോ രോഗാവസ്ഥയും ആയുർവ്വേദരീതിയിലും ആധുനികരീതിയിലും പഠിക്കുന്നുണ്ട്‌. കൂടാതെ സർജറിയും പ്രസവവും സ്ത്രീരോഗങ്ങളും എല്ലാം ശാസ്ത്രീയമായിതന്നെ അഭ്യസിക്കുന്നു. ഇത്‌ കേന്ദ്ര സർക്കാർ അംഗീകരിച്ച C.C.I.M സിലബസ്‌ പ്രകാരമാണ്‌ . ആധുനിക രീതി എന്നത്‌ പ്ലസ്ടു ക്ലാസിൽ പഠിച്ചതിന്റെ തുടർച്ചകൾ  തന്നെ. വൈദ്യ സമ്പ്രദായം മാറുന്നതിനനുസരിച്ച്‌ ശരീരവും രോഗങ്ങളും മാറുന്നില്ല. ചികിത്സയാണ് മാറുന്നത്.

            ഇനി പിന്വാതിലിലൂടെ അലോപ്പതി പ്രാക്റ്റീസ്‌ ചെയ്യാൻ അനുവദിക്കില്ല എന്ന് പ്രസ്താവിച്ച ഐ.എം.എ കുലപതികളോട്‌ പറയാനുള്ളത് ഇതാണ്.  അലോപ്പതിയിൽ കാലങ്ങളായി ചികിത്സിച്ചിട്ട്‌ ഫലം കാണാത്തവരോ പാർശ്ശ്വഫലങ്ങളാൽ പൊറുതിമുട്ടിയവരോ ആണ്‌ ആയുർവ്വേദചികിത്സക്കെത്തുന്നവരിൽ ബഹു ഭൂരിഭാഗവും. അവർക്ക്‌ വീണ്ടും അലോപ്പതി മരുന്ന് കുറിക്കാൻ പിന്നിലോ മുന്നിലോ ഉള്ള വാതിലിലൂടെ ആയുർവേദ വിദഗ്ദ്ധർ എന്തിന്‌ ശ്രമിക്കണം?

       ആയുർവ്വേദ വിദ്യാർത്ഥികളെ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർ എന്നും ആക്ഷേപിച്ചല്ലൊ . സകലമാന വിദ്യാഭ്യാസവും ഉള്ളവരാണെന്ന് അഹങ്കരിക്കുന്ന  IMA  യിലെ മലയാളികളായ നിങ്ങൾക്ക്‌ (അന്യ സംസ്ഥാനങ്ങളിലെ IMA ക്കാർ പലരും ആയുർവേദത്തെ ആദരവോടെയാണ്  കാണുന്നത്) ആകാശത്തിന്‌ താഴെയുള്ള എല്ലാ രോഗങ്ങളും അങ്ങ്‌ മാറ്റിക്കളയാം എന്ന അഹങ്കാരമുണ്ടോ?? സാദ്ധ്യമല്ല സുഹൃത്തെ. ബഹു ഭൂരിഭാഗം രോഗങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ നിങ്ങൾക്ക്‌ കഴിയുന്നില്ല. മാത്രമല്ല , അഥവാ ഒരു രോഗം ഭേദമാക്കിയാലും  അതോടൊപ്പം പുതിയൊരെണ്ണം തീര്ച്ചയായും നിങ്ങൾ സമ്മാനിക്കുന്നുണ്ട്. അത്‌ കോടിക്കണക്കിന്‌ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനു തടയിടാൻ (അതായത് ജനങ്ങളെ ആയുർവേദത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ) നിങ്ങൾ കണ്ടെത്തിയ വിലകുറഞ്ഞ തെരുവ് നിലവാരത്തിലുള്ള ഒരു മാർഗ്ഗമാണ്‌ നിങ്ങളുടെ ചോദ്യത്തിന്‌ ഉത്തരമായോ അല്ലാതെയോ ആയുർവ്വേദ മരുന്ന് കഴിച്ചിരുന്നു എന്നു പറയുന്ന രോഗികളോട്‌ കയറി അങ്ങ്‌ ചൂടാവുക!!!

      പ്രസവ കാര്യങ്ങളിൽ ഐ.എം.എ പരിശീലനം തന്നാലും ആയുര്വേദ വിദ്യാർത്ഥികൾ സ്വീകരിക്കരുത്. കാരണം സിസേറിയൻ നിരക്ക്‌ കൂട്ടാനല്ല  ; സ്വാഭാവിക പ്രസവനിരക്ക്‌ കൂട്ടാനുള്ള പരിശീലനമാണ്‌ ആയുർവ്വേദ വിദ്യാർത്ഥിക്ക്‌ വേണ്ടത്‌. മാത്രമല്ല, ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ, തന്നെ  കൺസൾട്ട്‌ ചെയ്തില്ലെങ്കിൽ പ്രസവം താൻ ഏറ്റേടുക്കില്ലെന്ന ഐ.എം.എ ഗൈനക്കോളജിസ്റ്റുകളുടെ ദാർഷ്ട്യവും ആയുർവ്വേദ വിദ്യാർത്ഥികൾ പഠിച്ചുപോകരുത്‌. സർജ്ജറിയുടെ കാര്യവും തഥൈവ!

             ആയുർവേദം പരിമിതികളെ ഇതര ശാസ്ത്രങ്ങളിൽ പരിഗണിക്കുന്നു. IMA മറ്റു ശാസ്ത്രങ്ങളെ പരിഹസിക്കുന്നു.

           ആയുർവേദത്തെ  ആദരവോടെ കാണുന്ന പ്രഗല്ഭരായ ആയിരക്കണക്കിന് അലോപ്പതി ഡോക്ടർമാരോട് ക്ഷമ ചോദിച്ചുകൊണ്ട്...

dr.ameerudheen@gmail.com
Mob: 9400992345
www.ayurlokam.com